Hero Image

ഇന്ന് രാമനവമി; പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ രാമനവമി ആഘോഷത്തിന് ഒരുങ്ങി അയോദ്ധ്യ, രാംലല്ലയുടെ സൂര്യാഭിഷേകം ഇന്ന്

ഇന്ന് രാമാനവമി. മഹാവിഷ്ണുവിന്റെ ഏഴാം അവതാരമായ ശ്രീരാമന്റെ ജനനം ആഘോഷിക്കുന്ന ഉത്സവമാണ് രാമനവമി. ചൈത്ര മാസത്തിന്റെ ഒമ്പതാം ദിവസമാണ് ഇത് ആഘോഷിക്കുന്നത്. ഇന്ന് ഹൈന്ദവ വിശ്വാസ പ്രകാരം വിശ്വാസികൾ ഉപവാസമനുഷ്ഠിക്കുന്നു. അല്ലെങ്കിൽ നരകശിക്ഷ ലഭിക്കുമെന്നാണ് വിശ്വാസം. ഈ ദിവസത്തിൽ ക്ഷേത്രങ്ങൾ ഭംഗിയായി അലങ്കരിക്കുന്നു.

അമ്പലങ്ങളിൽ രാമായണ പാരായണവും ഉണ്ടായിരിക്കും.

രാമന്റെയും സീതയുടേയും ചെറിയ മൂർത്തികൾ ഉപയോഗിച്ച് നടത്തുന്ന കല്യാണോത്സവം എന്ന ചടങ്ങ് വീടുകളിൽ നടത്തപ്പെടുന്നു. ശർക്കരയും കുരുമുളകും ഉപയോഗിച്ചുണ്ടാക്കുന്ന പാനകം എന്ന മധുരപാനീയം രാമനവമി ദിവസം തയ്യാറാക്കുന്നു. വൈകുന്നേരം വിഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയും ഉണ്ടായിരിക്കും. രാമനവമി ദിവസം രാമനെക്കൂടാതെ അദ്ദേഹത്തിന്റെ പത്നി സീത, സഹോദരൻ ലക്ഷ്മണൻ, സേനാനായകൻ ഹനുമാൻ എന്നിവരേയും ആരാധിക്കുന്നു.

ഇന്ത്യയിലെ എല്ലാ പ്രധാന ശ്രീരാമക്ഷേത്രങ്ങളിലും ഈ ദിവസം വിശേഷമാണ്. ശ്രീരാമഭഗവാന്റെ ജന്മസ്ഥാനമായ അയോദ്ധ്യയിൽ ഇന്ന് ആയിരങ്ങൾ സരയൂനദിയിൽ സ്നാനം ചെയ്യും. അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ രാമനവമി ആയതിനാൽ വൻ ആഘോഷമാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് മുതൽ 19-ാം തീയതിവരെ സുഗം ദർശൻ പാസ്, വിഐപി ദർശൻ പാസ്, മംഗള ആരതി പാസ്, ശൃംഗാർ ആരതി പാസ്, ശയൻ ആരതി പാസ് എന്നിവ അനുവദിക്കില്ലെന്നും സംഘാടകർ അറിയിച്ചു.

ക്ഷേത്രത്തിലെ രാംലല്ലയുടെ സൂര്യാഭിഷേകം ഇന്ന് നടക്കും. ഇന്ന് ഉച്ചയ്ക്ക് 12.16 ആണ് ചടങ്ങ് നടക്കുക. സൂര്യരശ്മികൾ രാംലല്ലയുടെ നെറ്റിയിൽ അഞ്ച് മിനിട്ട് പതിക്കുമെന്ന് രാമക്ഷേത്രത്തിന്റെ നിർമ്മാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. സൂര്യാഭിഷേകത്തിനായി ആവശ്യമായ സാങ്കേതിക ക്രമീകരണങ്ങൾ ഇതിനോടകം തയ്യാറാണ്.

ഭക്തരുടെ സൗകര്യം കണക്കിലെടുത്ത് രാമനവമി ദിനത്തിൽ രാത്രി 11 മണി വരെ ദർശനം അനുവദിക്കുമെന്ന് ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ജനറൽ സെക്രട്ടറി ചമ്പത് റായി അറിയിച്ചു. രാമനവമി ദിനത്തിൽ രാവിലെ 3.30ന് ക്ഷേത്രത്തിലെ പൂജാ ചടങ്ങുകൾ ആരംഭിക്കും.

തെലങ്കാനയിലെ ഭദ്രാചലം സീതാരാമചന്ദ്രസ്വാമിക്ഷേത്രം, ആന്ധ്രാപ്രദേശിലെ വോണ്ടിമിട്ട കോദണ്ഡരാമസ്വാമിക്ഷേത്രം, തമിഴ്നാട്ടിലെ രാമേശ്വരം രാമനാഥസ്വാമിക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലും രാമനവമി പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു. കേരളത്തിൽ പൊതുവേ വൻ തോതിലുള്ള ആഘോഷങ്ങൾ കുറവാണ്. എങ്കിലും, എല്ലാ ശ്രീരാമക്ഷേത്രങ്ങളിലും ഇതിനോടനുബന്ധിച്ച് രാമായണപാരായണവും എഴുന്നള്ളത്തും ചുറ്റുവിളക്കുമുണ്ടാകാറുണ്ട്.

കണ്ണൂരിൽ തിരുവങ്ങാട് ക്ഷേത്രം, തൃശ്ശൂരിൽ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, തിരുവില്വാമല ക്ഷേത്രം, കടവല്ലൂർ ക്ഷേത്രം, കൊല്ലത്ത് വെളിനല്ലൂർ ശ്രീ രാമ ക്ഷേത്രം, മലപ്പുറത്തെ ആലത്തിയൂർ ഹനുമാൻ ക്ഷേത്രം, എറണാകുളം തൃപ്പൂണിത്തുറയിലെ ശ്രീരാമ ക്ഷേത്രം, കോട്ടയത്തെ രാമപുരം ക്ഷേത്രം ഒക്കെ പ്രസിദ്ധമാണ് .ശ്രീരാമനവമി ദിനം നാലമ്പല ദർശനം അത്യുത്തമമാണ്.

ഈ ദിവസം ശ്രീരാമചരിതമനസ് ചൊല്ലുകയോ ശ്രീരാമന്റെ മന്ത്രങ്ങള്‍ ജപിക്കുകയോ ചെയ്യാവുന്നതാണ്. പ്രസവത്തില്‍ ബുദ്ധിമുട്ട് നേരിടുന്ന സ്ത്രീകള്‍ ശ്രീരാമന്റെ ശിശുരൂപത്തെ ആരാധിക്കണമെന്നും പറയപ്പെടുന്നുണ്ട്. ശ്രീരാമനെ ആരാധിച്ച ശേഷം ഭക്ഷണം, വസ്ത്രം മുതലായവയൊക്കെ ദാനം ചെയ്യാവുന്നതാണ്.

READ ON APP